13 March, 2022 05:18:54 PM


അവധിയിലായിരുന്ന ജവാനെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി; ഭീകരൻ പിടിയിൽ



ശ്രീനഗര്‍: കശ്മീരില്‍ സിആര്‍പിഎഫ് ജവാനെ വെടിവെച്ചു കൊന്ന ഭീകരനെ ജമ്മു കശ്മീര്‍ പോലീസ് പിടികൂടി. അവധിയില്‍ പ്രവേശിച്ച് വീട്ടില്‍ കഴിയുകയായിരുന്ന ഷോപിയാന്‍ സ്വദേശി മുക്താര്‍  അഹമ്മദ് ദോഹിയാണ് ഭീകരന്‍റെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച രാത്രി ജവാന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഭീകരന്‍  വെടിയുതിര്‍ക്കുകയായിരുന്നു.

കൊല നടത്താന്‍ ഉപയോഗിച്ച പിസ്റ്റള്‍ ഭീകരനില്‍ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ ഐജിപി വിജയകുമാര്‍ പറഞ്ഞു. ലഷ്കറി തൊയ്ബ കമാന്‍ഡര്‍ അബിദ് റംസാന്‍ ഷെയ്ഖാണ് ജവാന്‍റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെന്ന് ഐജിപി അറിയിച്ചു. ഭീകരന് സഹായം നല്‍കിയ പ്രദേശവാസിയും പോലീസിന്‍റെ പിടിയിലാണ്.

ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ സേന ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് അവധിയില്‍ പ്രവേശിച്ച സിആര്‍പിഎഫ് ജവാന്‍ മുക്താര്‍  അഹമ്മദ് ദോഹിക്ക് നേരെ ആക്രമണം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. അടുത്തിടെ ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരന്‍ സമീര്‍ അഹമ്മദ് മല്ലയുടെ മൃതദേഹം സൈന്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് ജവാനും കൊല്ലപ്പെട്ടിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K