02 March, 2022 12:59:55 AM


തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ജന്മദിന ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍



ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിന് ജന്മദിന ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിൽ തമിഴിലും ഫെയ്സ്ബുക്കിൽ മലയാളത്തിലുമാണ് പിണറായിയുടെ ആശംസ.

'പ്രിയപ്പെട്ട സ്റ്റാലിനെ നേരിൽ കണ്ട് ജന്മദിനാശംസകൾ നേർന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹികനീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്ക് വേണ്ടി തുടർന്നും പോരാടാനും, നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.'– മുഖ്യമന്ത്രി പറഞ്ഞു.

ജീവിതത്തിലെ ആദ്യ 23 വർഷങ്ങളിലെ സംഭവങ്ങൾ ആസ്പദമാക്കി സ്റ്റാലിൻ എഴുതിയ 'ഉങ്കളിൽ ഒരുവൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് തിങ്കളാഴ്ച ചെന്നൈയിൽ നടന്നിരുന്നു. പിണറായി വിജയനു പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു എന്നിവരുടെ അഭാവം ശ്രദ്ധേയമായി. ദേശീയതലത്തില്‍ കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ ‌നടത്തുന്നവരാണ് ഇരുവരും. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങൾ.

കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചതിനൊപ്പം സ്റ്റാലിന്റെ 'ചെറുപ്പ'ത്തെക്കുറിച്ച് രാഹുൽ ന‌ടത്തിയ പരാമർശങ്ങളും ചടങ്ങിൽ ചിരിപടർത്തി. 'ഞാൻ ചെന്നൈയിലേക്ക് വരുന്നതിനു മുൻപ് അമ്മ സോണിയ ഗാന്ധിയുമായി സംസാരിച്ചപ്പോൾ മാർച്ച് 1 സ്റ്റാലിന്റെ പിറന്നാൾ കൂടിയാണെന്ന് അവർ ഓർമിപ്പിച്ചു. അദ്ദേഹത്തിന് ചൊവ്വാഴ്ച 69 വയസ്സാകുമെന്ന് പറഞ്ഞപ്പോൾ അത് അസംഭവ്യം എന്നായിരുന്നു മറുപടി.

സ്റ്റാലിന് എത്ര വയസ്സായെന്നാണ് കരുതുന്നതെന്ന് ചോദിച്ചപ്പോൾ 60 എന്നായിരുന്നു അവരുടെ മറുപടി. പിന്നീട് ഗൂഗിളിൽ നോക്കിയാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് 69 വയസ്സായെന്ന് അവർ ഉറപ്പിച്ചത്.'- രാഹുൽ പറഞ്ഞു. സ്റ്റാലിൻ ഇനി പുസ്തകം എഴുതുന്നുവെങ്കിൽ അദ്ദേഹം ഇങ്ങനെ ചെറുപ്പമായിരിക്കുന്നതിനെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും ക‍ൂടി എഴുതണമെന്നും രാഹുൽ പറഞ്ഞു.

അടുത്തിടെ പാർലമെന്റിൽ പ്രസംഗിച്ചപ്പോൾ തമിഴ്നാട് എന്നു നിരവധി തവണ പറഞ്ഞത് ‍ഒരു മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയതും രാഹുല്‍ പങ്കുവച്ചു. 'വീട്ടിലേക്ക് തിരികെ പോകുമ്പോൾ ‌എന്തുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്നാലോചിച്ചു. ‍ഞാൻ തമിഴ്നാട്ടിലല്ല ജനിച്ചത്, തമിഴ് സംസാരിക്കാനറിയില്ല, എന്നിട്ടും എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്...? അതിന്റെ കാരണം എന്റെ രക്തം ഈ മണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നതാണ്.'– പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി തമിഴ്നാട്ടിൽ കൊല്ലപ്പെട്ടത് ‌അനുസ്മരിച്ചു രാഹുൽ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K