25 February, 2022 08:21:25 AM
യുക്രെയ്ൻ: രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ; അതിർത്തി രാജ്യങ്ങളുമായി സംസാരിക്കും
ന്യൂഡൽഹി: യുക്രെയ്നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ. യുക്രെയ്ന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നിവയുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.
ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാർഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാർഗം ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പല വിദ്യാർഥികളും ബങ്കറുകളിലാണ് അഭയം തേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവരെ യുക്രൈൻ അതിർത്തിയിലെത്തിക്കുക എന്ന വലിയ വെല്ലുവിളി ഇന്ത്യ നേരിടുന്നുണ്ട്. പുതപ്പു പോലുമില്ലാതെ കൊടും തണുപ്പത്താണ് വിദ്യാർഥികൾ കഴിയുന്നത്. ആരോടും പുറത്തിറങ്ങരുതെന്നാണ് നിർദേശം.
ഹെൽപ്ലൈനിൽ ബന്ധപ്പെടാം
യുക്രെയ്നിലെ ഇന്ത്യക്കാർക്ക് 1800118797 എന്ന ഇന്ത്യൻ എംബസിയുടെ ടോൾഫ്രീ നന്പരിലേക്ക് ബന്ധപ്പെടാം. ഇതിനു പുറമേ 91 11 23012113, 91 11 2301404, 91 11 2301795 എന്ന നന്പരുകളിലേക്കും അന്വേഷണങ്ങൾ നടത്താവുന്നതാണ്. situationroom@mea.gov.in എന്ന ഇ-മെയിൽ ഐഡിയിൽ ഡൽഹിയിലെ ഇന്ത്യൻ എംബസിയിലേക്കും cons1.kyiv@mea. gov.in എന്ന ഇ-മെയിൽ ഐഡിയിൽ ഉക്രെയിനിലെ ഇന്ത്യൻ എംബസിയെയും ബന്ധപ്പെടാം. യുക്രെയ്നിലെ ഇന്ത്യൻ എംബസിയിലേക്ക് 380 9973004258 എന്ന നന്പരിലേക്കോ 380 997300483 എന്ന നന്പരിലേക്കോ ബന്ധപ്പെടാം.