21 February, 2022 03:38:13 PM


ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ; നടപടി ഡൊറണ്ട ട്രഷറി കേസില്‍



പറ്റ്‌ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറണ്ട ട്രഷറി കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 60 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി തിങ്കളാഴ്ച വിധിച്ചു.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷയുടെ കാലയളവ് സിബിഐ പ്രത്യേക കോടതി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറണ്ട ട്രഷറി കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡിലെ ഡൊറണ്ട ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതിനാണ് കേസ്.

ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കന്നുകാലികള്‍ക്ക് കാലിത്തീറ്റയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എന്ന വ്യാജേന വിവിധ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതാണ് കാലിത്തീറ്റ കുംഭകോണം.ഡൊറണ്ട ട്രഷറി കേസിലെ 99 പ്രതികളില്‍ 24 പേരെ വെറുതെവിട്ടപ്പോള്‍ 46 പ്രതികള്‍ക്ക് കഴിഞ്ഞയാഴ്ച  മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K