14 February, 2022 12:17:53 PM


കോൺഗ്രസിന് തിരിച്ചടി; പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി ബിജെപിയിൽ



ചണ്ഡീഗഢ്: പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പഞ്ചാബിൽ കോൺഗ്രസിന് കനത്ത  തിരിച്ചടിയാണ് മനീഷയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലാകും ഇവർ അംഗത്വം സ്വീകരിക്കുക. മന്ത്രിയായിരിക്കെ ചന്നിക്കെതിരെ ഉയർന്ന മീ ടു ആരോപണത്തിൽ മനീഷ ഗുലാത്തി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.  ഇതിനു പിന്നാലെ നേതൃത്വവുമായി അകൽച്ചയിലായിരുന്നു മനീഷ.

'കാറ്റിന്‍റെ ദിശ എന്നോട് ചോദിക്കരുത്,  ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയമാണ് ഇതുവരെ, ഇപ്പോൾ ഒരു പുതിയ തുടക്കം. മനീഷയുടെ ശബ്ദം സ്വതന്ത്രമായി പ്രതിധ്വനിക്കും'. എന്നാണ് മനീഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ മീ ടൂ  ഉന്നയിച്ചതിന് പിന്നാലെയാണ് പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി ശ്രദ്ധയിലേക്ക് വരുന്നത്.

2021 മെയ് മാസത്തിൽ മുഖ്യമന്ത്രി ചന്നിക്കെതിരെ ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഉന്നയിച്ച പീഡന ആരോപണത്തിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായിരുന്നു സംഭവം. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ  ഉറപ്പിലും നോട്ടീസിന് മറുപടി ലഭിച്ച സാഹചര്യത്തിലും സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള പദ്ധതി അവർ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നേതൃത്വവുമായി അകൽച്ചയിലായ മനീഷ സുപ്രധാന തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K