14 February, 2022 09:45:32 AM
'യുപിയെ കേരളമാക്കരുത്': പ്രസ്താവന ആവർത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നോ: കേരളത്തിനെതിരെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയെ കേരളമാക്കരുതെന്ന പ്രസ്താവന യോഗി വീണ്ടും ആവർത്തിച്ചു. യുപിയെ കേരളവും ബംഗാളും കാഷ്മീരും ആക്കരുത്. യുപി കേരളമാകാൻ താമസമുണ്ടാകില്ലെന്നും യോഗി പറഞ്ഞു. കഴിഞ്ഞ ദിവസവും യോഗി കേരളത്തെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കേരളം വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവെയാണ് ആദ്യ വിവാദ പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിരവധി നല്ലകാര്യങ്ങൾ സംസ്ഥാനത്ത് നടന്നു. എന്നാൽ സൂക്ഷിക്കു, നിങ്ങൾ തെറ്റായി സമ്മതിദാനം വിനയോഗിച്ചാൽ ഈ അഞ്ചുവർഷത്തെ അധ്വാനം നശിക്കും. ഉത്തർപ്രദേശ് കാഷ്മീരും കേരളവും ബംഗാളും ആകാൻ അധികം സമയം വേണ്ടി വരില്ലെന്ന് യോഗി ട്വിറ്ററിൽ നൽകിയ വീഡിയോയിൽ പറഞ്ഞു.
അഞ്ചുവർഷത്തെ തന്റെ പ്രയത്നത്തിനുള്ള അനുഗ്രഹമായാണ് നിങ്ങളുടെ വോട്ടിനെ കാണുന്നത്. നിങ്ങളുടെ വോട്ട് നിങ്ങളുടെ ഭയരഹിത ജീവിതത്തിന്റെ ഉറപ്പ് കൂടിയാണെന്നും യോഗി കൂട്ടിച്ചേർത്തു. വലിയ തീരുമാനം എടുക്കാനുള്ള സമയം വന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തുവെന്നും യോഗി അവകാശപ്പെട്ടിരുന്നു.
കേരളം പോലെയാകാതിരിക്കാൻ "ശ്രദ്ധിച്ചു' വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് അവിടത്തെ ജനങ്ങൾക്ക് നൽകിയ നിർദേശം ആശ്ചര്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.
ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്തു നോക്കിയാലും കേരളം ഇന്ത്യയിൽ മുൻനിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുർദൈർഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയർന്ന സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതാകട്ടെ, കേന്ദ്രസർക്കാരും അതിന്റെ വിവിധ ഏജൻസികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തർപ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് എല്ലാ സൂചികകളിലും കേരളത്തിന്റെ നിലവാരത്തിലേക്കെത്തിയാൽ നമ്മുടെ രാജ്യത്തിന്റെതന്നെ നിലവാരം വികസിതരാജ്യങ്ങൾക്കൊപ്പമാകും എന്നു മനസിലാക്കാൻ കഴിയാത്ത സഹതാപാർഹമായ പിന്തിരിപ്പൻ രാഷ്ട്രീയമാണതെന്ന് പിണറായി വിജയൻ പറഞ്ഞു.
വർഗീയരാഷ്ട്രീയത്തിനു വളരാൻ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളുംകൊണ്ടു തീർത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്.
അതിനാൽ കേരളത്തിനെതിരേ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജൻഡകളിലൊന്നാണ്. അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ പുറത്തുവന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
കേരളം പോലെയാകാൻ വോട്ട് ചെയ്യാൻ ഉത്തർപ്രദേശിലെ ജനങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു. മധ്യകാലഘട്ടത്തിലെ മതാന്ധതയ്ക്കു പകരം ബഹുസ്വരതയും സൗഹാർദവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും തെരഞ്ഞെടുക്കുക. കേരളീയരും ബംഗാളികളും കാഷ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണെന്നും വി.ഡി. സതീശൻ യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു മറുപടിയായി ട്വിറ്ററിൽ കുറിച്ചിരുന്നു.