08 February, 2022 11:30:16 AM


അനധികൃത മണല്‍ ഖനനം; മലങ്കര കത്തോലിക്ക സഭ ബിഷപ്പ് തമിഴ്നാട്ടില്‍ അറസ്റ്റില്‍



ചെന്നൈ: മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് തമിഴ്നാട്ടിൽ അറസ്റ്റിൽ. താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയതിനാണ് ബിഷപ്പ് അറസ്റ്റിലായത്. വികാരി ജനറൽ ഷാജി തോമസ് മണിക്കുളവും പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായി. എല്ലാ പ്രതികളേയും റിമാൻഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രൂപതയുടെ വിശദീകരണം ഇങ്ങനെ - തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർപ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്‍റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K