06 February, 2022 07:41:42 PM
ചരണ്‍ജിത് സിങ് ചന്നി പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ലുധിയാന: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരണ്‍ജിത് സിങ് ചന്നി കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. ലുധിയാനയില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയാണ് ചന്നിയെ പഞ്ചാബിലെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.
കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജനങ്ങളാണ്, പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് ഭരണം നടത്തുന്നത്. കോണ്‍ഗ്രസിന്‍റെ രീതി വ്യത്യസ്തമാണ്. മുഖ്യമന്ത്രി ആരാകണമെന്നതിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടി. പഞ്ചാബിലെ ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് തന്ന അവസരങ്ങളിലെല്ലാം സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും നവ്ജോത് സിങ് സിദ്ദുവിനെ പോലുള്ള നേതാക്കൾ പഞ്ചാബ് കോൺഗ്രസിന്റെ അനുഗ്രഹമാണെന്നും ചരണ്‍ജിത് സിങ് ഛന്നി പ്രതികരിച്ചു. കാർഷിക നിയമത്തിനെതിരായ സമരത്തിൽ 700 കർഷകർ മരിക്കാൻ കാരണം ബിജെപിയും അകാലിദളും ആം ആദ്മി പാർട്ടിയുമാണെന്നും അദ്ദേഹം ആരോപിച്ചു.
മുന്‍പ് മുഖ്യമന്ത്രി സ്ഥാനാർത്ഥി സ്ഥാനം ലക്ഷ്യം വെച്ച് സിദ്ദുവും കൂട്ടരും ചരടുവലികൾ നടത്തിയിരുന്നു. എങ്കിലും ഹൈക്കമാൻഡിന്‍റെ ശക്തമായ പിന്തുണയോടെ ചന്നി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സാധാരണയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് ഇല്ല. എന്നാല്‍ പഞ്ചാബില്‍ നേതൃതര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി ഇത്തവണ സ്വീകരിച്ചത്.. കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിൽ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് ചന്നിയെ തെരഞ്ഞെടുത്തതെന്നാണ് പഞ്ചാബ് കോണ്‍ഗ്രസിന്‍റെ വിശദീകരണം.
മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിങ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പാര്‍ട്ടിക്ക് പുറത്തുപോയതോടെയാണ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ പഞ്ചാബിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി പിസിസി പ്രസിഡന്റ് കൂടിയായ സിദ്ദു രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹത്തിന് വഴിയൊരുക്കിയിരുന്നു. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് അവരുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് സിദ്ദു പരസ്യമായി പ്രതികരിച്ചത് ഹൈക്കമാന്‍റിനും തലവേദന സൃഷ്ടിച്ചിരുന്നു. എന്നിരുന്നാലും ഈ എതിർപ്പുകളെയെല്ലാം മാറ്റി നിർത്തി സിദ്ദു രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയത് ശ്രദ്ധയമാണ്.