05 February, 2022 11:14:23 AM


കാറില്‍ തനിച്ചെങ്കില്‍ മാസ്ക് ധരിക്കേണ്ട; ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്



ന്യൂഡല്‍ഹി: കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍  തനിയെ ആണെങ്കില്‍ മാസ്ക് ധരിക്കേണ്ടെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം.

കാറില്‍ തനിയെ ഇരിക്കുന്ന ആള്‍ക്ക് മാസ്ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറില്‍ അമ്മയ്ക്കൊപ്പമിരുന്ന് കാപ്പികുടിക്കുന്നതിനായി മാസ്ക് താഴ്ത്തിയ ആള്‍ക്ക് പിഴയിട്ടതും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത്തരം വിചിത്രമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നേരത്തെ രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ദില്ലിയിലെ കൊവിഡ് അനുബന്ധിയായ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു.

സ്കൂളുകൾക്കും കോളേജുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകി. ഒമ്പത് മുതൽ 12 ക്ലാസുകൾ ഫെബ്രുവരി 7 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാം. വാക്സീൻ സ്വീകരിക്കാത്ത അധ്യാപകർക്ക് സ്കൂളുകളിൽ പ്രവേശനമുണ്ടാകില്ല. ജിമ്മുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതിയുണ്ട്.

അതേസമയം രാജ്യത്ത കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു. ഇന്നും ഒന്നരലക്ഷത്തിൽ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. ഇതുവരെ രാജ്യത്ത് 169 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. വാക്സിൻ സ്വീകരിച്ചവർക്കിടയിൽ മരണ നിരക്ക് കുറവുള്ളതായി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ലോക്സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K