02 February, 2022 06:40:14 PM


ഡിപിആർ അപൂർണം: സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം



ന്യൂഡല്‍ഹി: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ പാർലമെന്‍റിൽ വ്യക്തമാക്കി. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു.

ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ. അതിനാൽ പദ്ധതിക്ക് ഉടൻ അനുമതി നൽകാൻ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രൻ, കെ മുളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ‌സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ (530.6 കി.മീ) ഡിപിആർ കേരള റെയിൽ ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണ്. പദ്ധതി പരിഗണിക്കുന്നത് സാങ്കേതികവും സാമ്പത്തികവുമായ ശേഷിയെ കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി മറുപടി നൽകി.

മതിയായ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച വിശദാംശങ്ങൾ ഡിപിആറിൽ ലഭ്യമല്ല. അതുകൊണ്ട് അലൈൻമെന്റ് പോലുള്ള വിശദമായ സാങ്കേതിക രേഖകൾ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള ക്രോസിംഗുകൾ, റെയിൽവേ ശൃംഖല, റെയിൽവേ ആസ്തി എന്നിവ സംബന്ധിച്ച് പ്രോജക്ടിന്റെ വിശദമായ പരിശോധനക്ക് ശേഷമാകും അനുമതി നൽകുക. അതേസമയം, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും കെ-റെയില്‍ അധികൃതര്‍ പ്രതികരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K