02 February, 2022 05:48:45 PM


'ഓ മിത്രോം': ഒമിക്രോണിനേക്കാൾ അപകടകാരി; വകഭേദങ്ങളില്ല - ശശി തരൂർ



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗങ്ങളിൽ ഉപയോഗിക്കുന്ന 'മിത്രോം' എന്ന പ്രയോഗത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഓ മിത്രോം ഒമിക്രോണിനെക്കാൾ അപകടകാരിയാണെന്നാണ് തരൂർ പറയുന്നത്. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു തരൂരിന്‍റെ പ്രസ്താവന.

'ഒമിക്രോണിനേക്കാൾ എത്രയോ മടങ്ങ് അപകടകാരിയാണ് ഓ മിത്രോം. ധ്രൂവീകരണം വർധിപ്പിക്കുന്നതിനും, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനും ഭരണഘടനയ്ക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങൾ നടത്തുന്നതിനും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുമാണ് ഈ വാക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. അതിന്‍റെ പരിണിത ഫലങ്ങളാണ് നമ്മൾ ഓരോ ദിവസവും അനുഭവിക്കുന്നത്. ഈ വൈറസിന് അപകട സാധ്യത കുറഞ്ഞ മിത വകഭേദങ്ങളില്ല'.– തരൂര്‍ ട്വീറ്റ് ചെയ്തു.

തരൂരിന്‍റെ പരിഹാസം അത്ര രസിക്കാതിരുന്നതോടെ ബിജെപിയും രംഗത്തെത്തി. രാജ്യത്തെ കോവിഡ് സാഹചര്യത്തെ തരൂർ വിലകുറച്ച് കാണുകയാണെന്നും രാഷ്ട്രീയത്തിന് മുകളിലായി മഹാമാരിക്കെതിരായ പോരാട്ടം കോൺഗ്രസിന്റെ പ്രഥമ താത്പര്യമായി വെക്കുമോയെന്ന് ചോദിച്ച് ബിജെപി വക്താവായ ഷെഹ്സാദ് പൂനാവാല തിരിച്ചടിച്ചു. 'രാഷ്ട്രീയത്തിന് മുകളിലായി മഹാമാരിക്കെതിരായ പോരാട്ടത്തെ കാണാൻ കോൺഗ്രസിന് കഴിയുമോ? ആദ്യം കോൺഗ്രസ് വാക്‌സിനെതിരെ പ്രചരണം നടത്തി, ഇപ്പോൾ ഒമിക്രോൺ അപകടകാരിയല്ലെന്ന് പറയുന്നു - മഹാമാരിയുടെ തുടക്കത്തിൽ അഖിലേഷ് പറഞ്ഞു, CAA കോവിഡിനേക്കാൾ അപകടകരമാണ്. ഇവർക്ക് യാതൊരു വിധ ഉത്തരവാദിത്തബോധവും ഇല്ലേ?" പൂനാവാല പറഞ്ഞു.

ഇതാദ്യമായല്ല തരൂർ ബിജെപിക്കെതിരെയും പാർട്ടിയിലെ നേതാക്കൾക്കെതിരെയും വിമർശനമുയർത്തുന്നത്. ശനിയാഴ്ച, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് യോഗി യുപിയിൽ രാഷ്ട്രീയ ധ്രുവീകരണം നടത്തുകയാണെന്ന് തുറന്ന് അടിച്ചിരുന്നു. യോഗി തന്റെ ഭരണത്തിലൂടെ സഹോദരങ്ങളായി കഴിഞ്ഞിരുന്നവരെ തമ്മിൽ ധ്രുവീകരിച്ച് ഹിന്ദു - മുസൽമാൻ എന്ന തരത്തിൽ രണ്ട് ചേരികളിൽ ആക്കിയെന്നും രാജ്യത്തിന്റെ സംസ്കാരത്തെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നതെന്നും തരൂർ തുറന്നടിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K