01 February, 2022 08:38:03 AM
എസ്ബിഐയിൽ മുഖംമൂടി സംഘം: ജീവനക്കാരെ കത്തിമുനയിൽ നിർത്തി കവർന്നത് 12 ലക്ഷവും സ്വർണ്ണവും
ബെംഗളുരു: കര്‍ണാടക ഹുബ്ലിയിലെ എസ്ബിഐ ബ്രാഞ്ചില്‍ മുഖംമൂടി സംഘത്തിന്‍റെ വന്‍ കവര്‍ച്ച. ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 12 ലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്നു. കവര്‍ച്ച നടത്തിയ മൂന്ന് യുവാക്കളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കറുത്ത വസ്ത്രവും മുഖം മൂടിയും അണിഞ്ഞാണ് കവര്‍ച്ചാ സംഘം എത്തിയത്.
വൈകിട്ട് ഏഴ് മണിക്ക് അക്കൗണ്ട് ടാലി ചെയ്യുന്ന സമയത്താണ് ബ്രാഞ്ചിനകത്തേക്ക് മൂന്ന് യുവാക്കള്‍ ഓടികയറിയത്. കത്തി കാണിച്ച് ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച. ലോക്കറിലേക്ക് മാറ്റാന്‍ വച്ചിരുന്ന ആറ് പവന്‍ സ്വര്‍ണ്ണവും 12 ലക്ഷം രൂപയും കൈക്കലാക്കി.
പണവും സ്വര്‍ണവും ബാഗിലാക്കി മിനിറ്റുകള്‍ക്കകം കവര്‍ച്ചാസംഘം കടന്നുകളഞ്ഞു. കന്നഡയാണ് സംസാരിച്ചതെന്ന് ജീവനക്കാര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. മാരുതി കാറില്‍ മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്നവര്‍ ബെംഗ്ലൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇതോടെ നടത്തിയ തെരച്ചിലില്‍ ബെംഗ്ലൂരു മൈസൂരു അതിര്‍ത്തിയില്‍ നിന്ന് മൂന്ന് പേരും പിടിയിലായി.
കാറില്‍ ബെംഗ്ലൂരുവിലേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. ബെഗ്ലൂരുവില്‍ നിന്ന് മുംബൈയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഹുബ്ലി സ്വദേശികളായ രവികുമാര്‍, ഉജ്ജെയ്ന്‍, വികാസ് എന്നിവരാണ് പിടിയിലായത്. വികാസ് മെക്കാനിക്കല്‍ എന്‍ഞ്ചിനീയറിങ് ബിരുദധാരിയാണ്. ബാങ്കില്‍ സ്ഥിരമായി എത്തി ഇവർ ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നു. രാവിലെ ബാങ്കിലെത്തി സ്ഥിതി വിലയിരുത്തിയ ശേഷമാണ് ആസൂത്രിതമായി വൈകിട്ട് എത്തി കവര്‍ച്ച നടത്തിയത്.