04 January, 2022 11:50:57 AM
കെജ്രിവാളിനും എയിംസിലെ 50 ഡോക്ടർമാർക്കും കോവിഡ്; ഡല്‍ഹിയിൽ കേസുകൾ കൂടുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് സ്വയം ഐസൊലേറ്റ് ചെയ്യാനും കെജ്രിവാൾ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
അതേസമയം ദില്ലി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി സഫ്ദർജംഗ് ആശുപത്രിയിലെ 23 റസിഡന്റ് ഡോക്ടർമാർക്കും കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ അറിയിച്ചു. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകള്‍ ഇനി മുതൽ പകുതി ജീവനക്കാർ മാത്രമായി ആയിരിക്കും പ്രവർത്തിക്കുക. അതേസമയം, 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36000 ആയി ഉയർന്നു. 115 ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രാജ്യത്തെ ഒമിക്രോൺ കേസുകൾ 2000 ആയി ഉയര്‍ന്നു. അതിനിടെ, കൗമാരക്കാരുടെ വാക്സീന് വേണ്ടി രജിസ്ട്രേഷൻ ചെയ്തവരുടെ എണ്ണം 60 ലക്ഷമായി ഉയർന്നു.
ഭാരത് ബയോടെക്കിന്‍റെ ഇൻട്രാനേസൽ വാക്സീൻ ബൂസ്റ്റർ ഡോസിനായി പരിഗണിക്കണമെന്ന അപേക്ഷ ഇന്ന് ഡിസിജിഐ വിദഗ്ധ സമിതി പരിശോധിക്കും. കോവാക്‌സിനോ കോവിഷീൽഡോ സ്വീകരിച്ചവർക്ക് മൂന്നാം ഡോസായി ഈ വാക്സിൻ നൽകണമെന്നാണ് കമ്പനിയുടെ അപേക്ഷ. രാജ്യത്ത് കൊവിഡ് വീണ്ടും ഭീതി വിതയ്ക്കുകയാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രെഗത്തെത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വെല്ലുവിളികളെ നേരിടാൻ എല്ലാവരും സജ്ജരാകണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞിരുന്നു. 33 ദിവസങ്ങൾക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ 10000 കടന്നതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.