01 January, 2022 09:29:37 AM
മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നൽകുമെന്നും ജമ്മുകാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. കത്രയിൽ ശനിയാഴ്ച പുലർച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്. 12 പേർ ദുരന്തത്തിൽ മരിച്ചു. പതിമൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നരെയ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആളുകൾ തമ്മിൽ തർക്കം പൊട്ടിപ്പുറപ്പെടുകയും ഇത് തിക്കും തിരക്കും ഉണ്ടാകുകയുമായിരുന്നെന്ന് ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ജമ്മു കാഷ്മീരിൽ നിന്നുള്ള ഒരാളുമാണ് മരിച്ചതെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഗോപാൽ ദത്ത് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും സഹായവും നൽകാൻ നിർദേശം നൽകുകയും ചെയ്തതായി കേന്ദ്ര സഹമന്ത്രി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
കത്ര പട്ടണത്തിന് സമീപമുള്ള പര്‍വതത്തിലാണ് ലോകപ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രം. മഞ്ഞുമലകളില്‍ കുത്തനെ കിടക്കുന്ന ക്ഷേത്രത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂറും ദേവിയെ ദര്‍ശിക്കാന്‍ അവസരമുണ്ട്. മലകയറുന്ന ഓരോ ഭക്തനും "ജയ് മാതാ ദീ' എന്ന മന്ത്രം ഉരുവിട്ടുകൊണ്ടാണ് വൈഷ്ണോദേവിയെ ഒരുനോക്കുകാണാന്‍ പോകുന്നത്. പുതുവല്‍സര ദിനത്തോടനുബന്ധിച്ച് വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്.