30 December, 2021 04:40:10 PM
'വാക്സിനെടുത്താൽ മദ്യപിക്കാന്‍ പറ്റില്ല'; ആരോഗ്യപ്രവർത്തകരെ പേടിച്ച് മരത്തിൽ കയറി യുവാവ്
പുതുശ്ശേരി: വാക്സിനെടുക്കാൻ ആരോഗ്യപ്രവർത്തകരെത്തിയതറിഞ്ഞ് കുത്തിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് മരത്തിന് മുകളിൽ കയറി. പുതുശ്ശേരി സ്വദേശിയായ 39 കാരൻ മുത്തുവേലാണ് ഇത്തരമൊരു സാഹസം കാണിച്ചത്. പുതുശ്ശേരിയിൽ വീടുകൾ കയറിയിറങ്ങി ആരോഗ്യപ്രവർത്തകർ വാക്സിൻ നൽകുകയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ മുത്തുവേലിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ വാക്സിൻ എടുക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ മരത്തിന് മുകളിൽ കയറിയത്.
മുത്തുവേലിന്റെ സാഹസത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരത്തിന് മുകളിലിരിക്കുന്ന മുത്തുവേലിനോട് ആരോഗ്യപ്രവർത്തകർ താഴെയിറങ്ങാൻ പറയുന്നുണ്ട്. ആരോഗ്യപ്രവർത്തകർ പോകുന്നതുവരെ മരത്തിന് മുകളിലിരുന്ന മുത്തുവേൽ അവർ പോയെന്ന് ഉറപ്പാക്കിയിട്ടാണ് മരത്തിന് മുകളിൽ നിന്ന് ഇറങ്ങിയത്. വാക്സിനെടുത്താൽ കുറച്ച് ദിവസത്തേക്ക് മദ്യം കഴിക്കാൻ കഴിയില്ലെന്ന് കരുതിയാണ് മുത്തുവേൽ വാക്സിൻ എടുക്കാൻ സമ്മതിക്കാത്തതെന്ന് മുത്തുതന്നെ പറഞ്ഞു.