28 December, 2021 09:38:27 AM
പരാതിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചു; പോലീസുകാരന് സസ്പെൻഷൻ
ഉദയ്പുർ: പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആദിവാസി യുവതിയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്ദതു. രാജസ്ഥാനിലെ ഉദയ്പുർ ജില്ലയിലാണ് സംഭവം. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിക്കാരിയായ യുവതിയെയും മാതാപിതാക്കളെയും മറ്റൊരാളെയും കോൺസ്റ്റബിൾ ജിതേന്ദ്രയും പനാർവ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജ്കുമാറും സ്വകാര്യവാഹനത്തിൽ ഗുജറാത്തിലേക്ക് കൊണ്ടുപോയിരുന്നു.
കാണാതായ പെൺകുട്ടിയെക്കുറിച്ച് ഇവർക്ക് അറിയാമെന്നാണ് പോലീസ് സംശയിച്ചത്. ഗുജറാത്തിലേക്ക് പോകുന്നതിന് മുൻപ് യുവതിയെയും മാതാപിതാക്കളെയും പോലീസ് പോസ്റ്റിൽ താമസിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി ആരോപിക്കുന്നു. ഗുജറാത്തിൽ നിന്നും മടങ്ങിയെത്തിയ ഇവർ സംഭവത്തെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു. ഇതിനുപിന്നാലെ പോലീസ് സ്റ്റേഷനിലെത്തി പീഡന പരാതി നൽകി.
പോലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ല. സ്ഥലം എംഎൽഎ ബാബുലാലിന്റെ ഇടപെടലിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കോൺസ്റ്റബിൾ ജിതേന്ദ്രയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. മറ്റ് രണ്ടു പോലീസുകാർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.