23 December, 2021 02:56:14 PM
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോൾ അനുവദിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിക്ക് പരോൾ നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഒരു മാസത്തേക്ക് സാധാരണ പരോൾ നൽകാൻ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നളിനിയുടെ അമ്മ പദ്മ നൽകിയ ഹർജിക്ക് സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താൻ വിവിധ രോഗങ്ങളാൽ വലയുകയാണെന്നും മകൾ കുറച്ചുകാലം അടുത്തുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചാണ് പദ്മ നേരത്തെ ഹർജി നൽകിയത്. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളാണ് നളിനി.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്നാട് സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷികപരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു.
അതേ സമയം രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ ജയിൽ മോചനം ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി അടുത്തമാസം സുപ്രീംകോടതി പരിഗണിക്കും. മുപ്പത് വര്‍ഷമായി ജയിലിൽ കഴിയുകയാണെന്ന് പേരറിവാളന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് മാറ്റണമെന്ന സോളിസിറ്റര്‍ ജനറലിന്‍റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്.