12 December, 2021 02:23:56 PM
പരസ്യത്തിനായി ചിലവിടുന്ന പണം കർഷകർക്ക് നൽകിക്കൂടേ; കേന്ദ്രത്തോട് പ്രിയങ്ക
ജയ്പൂർ: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് രംഗത്ത്. പരസ്യത്തിനായി ചിലവിടുന്ന പണത്തിന്റെ ഒരംശമെങ്കിലും രാജ്യത്തെ കർഷകർക്കായി വിനിയോഗിച്ചു കൂടെ എന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. വിലക്കയറ്റത്തിനെതിരേ കോണ്ഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി രാജസ്ഥാനിലെ ജയ്പൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ബിജെപി സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു. കോണ്ഗ്രസ് കഴിഞ്ഞ 70 വർഷത്തിനിടെ എന്ത് ചെയ്തുവെന്നാണ് ബിജെപി നേതാക്കൾ ചോദിക്കുന്നത്. ഈ ചോദ്യം ഇനിയെങ്കിലും ഒഴിവാക്കൂ. കഴിഞ്ഞ ഏഴ് വർഷമായി രാജ്യം ഭരിക്കുന്ന നിങ്ങൾ ജനങ്ങൾക്കായി എന്ത് ചെയ്തു. നിങ്ങളുടെ വിമാനങ്ങൾ പറന്നുയരുന്ന വിമാനത്താവളങ്ങളും രാജ്യത്തെ എയിംസും എല്ലാം കോണ്ഗ്രസ് നിർമിച്ചതാണെന്നും ഇതിന്റെ എല്ലാം മേന്മവിറ്റ് ജീവിക്കുന്നവരാണ് ബിജെപിക്കാരെന്നും പ്രിയങ്ക തുറന്നടിച്ചു.
ജയ്പൂരിലെ പ്രതിഷേധ സമ്മേളനം കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങി നിരവധി കോണ്ഗ്രസ് നേതാക്കൾ പ്രതിഷേധത്തിൽ അണിനിരന്നു.