11 December, 2021 09:28:33 PM


ഹെലികോപ്ടര്‍ അപകടം: അന്വേഷണം തുടരുന്നു; പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ



ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കും. ഹെലികോപ്ടര്‍ അപകടത്തിൽ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം തുടരുമ്പോഴും അപകടകാരണത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നിട്ടില്ല. അന്വേഷണ ചുമതലയുള്ള എയർ മാർഷൽ മാനവേന്ദ്രസിംഗ് ഇന്നും സ്ഥലത്ത് എത്തി. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. 

പുതിയ സംയുക്ത സൈനിക മേധാവിയെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും എന്നാണ് സൂചന. കരസേന മേധാവി ജനറൽ എംഎം നരവനയെ നിയമിച്ചാൽ പുതിയ കരസേന മേധാവിയേയും ഇതിനോടൊപ്പം കണ്ടെത്തണം. പദവി ഏറെനാൾ ഒഴിച്ചിടാനാവില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. അപകടത്തിൽ മരിച്ച എല്ലാവരെയും ഓർക്കുന്നു എന്ന് ഉത്തർപ്രദേശിലെ ബൽറാംപുരിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനറൽ ബിപിൻ റാവത്തിന്‍റെ നഷ്ടം വലുതാണ്. ദുഖത്തിന്‍റെ ഈ അന്തരീക്ഷത്തിലും ഇന്ത്യ മുന്നോട്ടു തന്നെ പോകുമെന്നും മോദി പറഞ്ഞു. ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയുടെ പാസിംഗ് ഔട്ട് ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനറൽ ബിപിൻ റാവത്തിനെ ഓർത്തു. ജനറൽ റാവത്തിന്‍റെ ചിതാഭസ്മം മക്കളായ കൃതിക തരിണി എന്നിവർ ചേർന്ന് ഹരിദ്വാറിൽ നിമഞ്ജനം ചെയ്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K