09 December, 2021 11:57:08 AM


ബസില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സൗജന്യയാത്ര ഒരുക്കി ടിഎസ്ആര്‍ടിസി



ഹൈദരാബാദ്: തെലങ്കാനയിൽ ബസില്‍ വെച്ച് ജനിച്ച കുഞ്ഞുങ്ങൾക്കും ജീവിതകാലം മുഴുവൻ സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ് ടിഎസ്ആർടിസി. ടിഎസ്ആര്‍ടിസിയുടെ ബസുകളില്‍ അടുത്തിടെ ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഇനി കോർപ്പറേഷന്‍റെ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് തീരുമാനം. അവര്‍ക്ക് ആജീവനാന്ത സൗജന്യ ബസ് യാത്ര സാധ്യമാക്കുന്ന സൗജന്യ ലൈഫ്ടൈം പാസുകള്‍ സമ്മാനിക്കാന്‍ ടിഎസ്ആര്‍ടിസി തീരുമാനിച്ചു.

നവംബര്‍ 30ന് നാഗര്‍കൂര്‍നൂല്‍ ഡിപ്പോയിലെ ബസില്‍ പെദ്ദകോത്തപ്പള്ളി ഗ്രാമത്തിന് സമീപമാണ് ആദ്യത്തെ പെണ്‍കുട്ടി ജനിച്ചതെന്ന് ആര്‍ടിസി അറിയിച്ചു. ആസിഫാബാദ് ഡിപ്പോയുടെ ബസില്‍ ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് സിദ്ദിപേട്ടിനടുത്ത് വെച്ച് മറ്റൊരു യുവതി മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. 

ഈ രണ്ട് സ്ത്രീകള്‍ക്കും യാത്ര ചെയ്യവേ അപ്രതീക്ഷിതമായാണ് പ്രസവവേദന അനുഭവപ്പെട്ടത്. ടിഎസ്ആര്‍ടിസി ജീവനക്കാരും മറ്റ് സഹയാത്രികരും പ്രസവിക്കാനായി സ്ത്രീകളെ സഹായിച്ചു. പിന്നീട്, ടിഎസ്ആര്‍ടിസി ജീവനക്കാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അമ്മമാരെയും നവജാതശിശുക്കളെയും 108 ആംബുലന്‍സില്‍ തുടര്‍ ചികിത്സയ്ക്കായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചു. 

ടിഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ദ്രുതഗതിയിലുള്ള പ്രതികരണത്തെയും പിന്തുണയെയും അഭിനന്ദിച്ച ടിഎസ്ആര്‍ടിസി വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിസി സജ്ജനാര്‍, നവജാത ശിശുക്കള്‍ക്ക് ടിഎസ്ആര്‍ടിസി ബസുകളിലെ യാത്രയ്ക്ക് ലൈഫ് ടൈം പാസ് സൗജന്യമായി നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K