04 December, 2021 11:03:17 AM
തേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം; പൊട്ടിയത് തേങ്ങയല്ല, റോഡ്; നടപടിക്ക് നിര്‍ദേശം
തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനം ചെയ്യണമെന്ന് എംഎല്‍എയ്ക്ക് ആഗ്രഹം. അങ്ങനെ ഉദ്ഘാടനം ചെയ്യാനായി തേങ്ങ എറിഞ്ഞു... ചിന്നിച്ചിതറി... തേങ്ങ അല്ലെന്ന് മാത്രം. 1.16 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡാണ് തേങ്ങ ഉടച്ചപ്പോള്‍ തകര്‍ന്നത്. ഉത്തര്‍പ്രദേശിലെ ബിജ്വനോരിലെ ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഉദ്ഘാടനം ചെയ്യാനാണ് ബിജെപി എംഎല്‍എ സുചി മാസും ചൗധരി തേങ്ങ ഉടച്ചത്. എന്നാല്‍ തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ് എന്നു മാത്രം.
സംഭവത്തില്‍ എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാനും എംഎല്‍എ നിര്‍ദേശിച്ചു. റോഡ് പണി പരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തു. പരിശോധിക്കാനുള്ള സാമ്ബിള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ എംഎല്‍എ സ്ഥലത്ത് തുടര്‍ന്നു. 1.16 കോടി രൂപ മുടക്കി റോഡ് നിര്‍മ്മിച്ച റോഡിന് 7.5 കിലോമീറ്റര്‍ ദൂരമുണ്ട്.
"എന്നോട് റോഡ് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തി തേങ്ങയുടക്കാന്‍ ശ്രമിച്ചപ്പോള്‍ തേങ്ങ ഉടഞ്ഞില്ല. പക്ഷേ, റോഡിന്റെ ചില ഭാഗങ്ങള്‍ ഇളകിവന്നു. ഞാന്‍ പരിശോധിച്ചപ്പോള്‍ പണി മോശമാണെന്ന് കണ്ടു. നിലവാരമുള്ള റോഡ് പണി ആയിരുന്നില്ല. ഞാന്‍ ഉദ്ഘാടനം നിര്‍ത്തി ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിച്ചു. അദ്ദേഹം മൂന്നംഗ സമിതി രൂപീകരിച്ചു. സാമ്ബിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.''- എംഎല്‍എ പറഞ്ഞു.