28 November, 2021 07:41:21 PM


ഓൺലൈനിൽ വിസ്കി ഓർഡർ ചെയ്തു; 3 ലക്ഷം രൂപ നഷ്ടമായെന്ന് സീരിയൽ നടി



മുംബൈ: ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത സീരിയൽ താരത്തിന്‍റെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടമായതായി പരാതി. മുംബൈയിലെ ശിവജി പാർക് പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. നിരവധി ഹിന്ദി സീരിയലുകളിൽ അഭിനയിച്ച 74 കാരിയായ നടിയാണ് പരാതിക്കാരി. വിവാഹം ഉറപ്പിച്ച അനന്തരവന് സമ്മാനം നൽകാനായാണ് നടി ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തത്. അനന്തരവന് വേണ്ടി നടത്തിയ പാർട്ടിയിൽ സമ്മാനമായി അമൃത് വിസ്കിയുടെ ഒരു ബോട്ടിൽ നൽകാനായിരുന്നു പദ്ധതി. ഇതിനായി ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച നമ്പരിൽ വിളിച്ച് ഓർഡർ നൽകുകയായിരുന്നു.

4,800 രൂപയാണ് വിസ്കിക്ക് ഓൺലൈനായി നൽകിയത്. എന്നാൽ മദ്യം ലഭിച്ചില്ല. തുടർന്ന് അതേ നമ്പരിൽ വീണ്ടും വിളിച്ച് പണം തിരികേ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം, പണം തിരികേ ലഭിക്കണമെങ്കിൽ വൈൻ ഷോപ്പിൽ പേര് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ലഭിച്ച മറുപടി. തുടർന്ന് നടിയുടെ ഡബിറ്റ് കാർഡ് വിവരങ്ങൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്. മൊബൈൽ നമ്പരിലേക്ക് വന്ന ഒടിപിയും നടി ഫോണിൽ വിളിച്ചയാൾക്ക് നൽകി. പണം തിരികേ ലഭിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് തെറ്റിദ്ധരിച്ചാണ് വിവരങ്ങൾ നൽകിയതെന്ന് നടിയുടെ പരാതിയില‍് പറയുന്നു. ഒടിപി നൽകിയതിന് പിന്നാലെ, നിരവധി തവണ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയായിരുന്നു.

ഡബിറ്റ് കാർഡിന് തകരാറുണ്ടെന്നും ഫോൺ ചെയ്തയാൾ നടിയെ തെറ്റിദ്ധരിപ്പിച്ചു. അതിനാൽ ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസും ഇയാൾ ആവശ്യപ്പെട്ടു. ക്രെ‍ഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതിന് പിന്നാലെ വന്ന ഒടിപിയും നടി നൽകി. തുടർന്ന് ക്രെഡിറ്റ് കാർഡ് വഴിയും ട്രാൻസാക്ഷൻ നടത്തി. മൊത്തം 3.05 ലക്ഷം രൂപയാണ് നടിക്ക് നഷ്ടമായത്. പണം നഷ്ടമായതിന് പിന്നാലെ നിരവധി തവണ ഇതേ നമ്പരിലേക്ക് വിളിച്ചെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. പിന്നാലെ, ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K