19 November, 2021 12:07:17 PM


'പ്രധാനമന്ത്രിയുടെ പ്രസ്‍താവന വിശ്വസിക്കാനാകില്ല'; നിയമം റദ്ദാക്കുംവരെ സമരമെന്ന് കര്‍ഷകര്‍



ദില്ലി: വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരും. പാര്‍ലമെന്‍റ് വഴി നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി കാത്തിരിക്കുന്നെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു.

പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ്  വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു. വരുന്ന ഇരുപത്തിയാറിന് സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാക്കും വരെ സമരഭൂമികളില്‍ കര്‍ഷകര്‍ സമരം തുടരും. നിയമം പിന്‍വലിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത കേന്ദ്രം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുതന്നെയാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്എസിലും ബിജെപിയിലും രണ്ടഭിപ്രായമുയര്‍ന്നതും പിന്നോട്ടില്ലെന്ന നിലപാടെടുത്ത സര്‍ക്കാരിനെ രണ്ടാമതൊന്നാലോചിപ്പിച്ചു. 

ഒരു വർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക പ്രഖ്യാപനം വന്നത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായി. കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും മോദി പറഞ്ഞു.

ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  

കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും കര്‍ഷകര്‍ തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമര രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്. ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K