19 November, 2021 08:43:52 AM
സിബിഐ, ഇഡി തലവന്മാരുടെ കാലാവധി നീട്ടലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടർമാരുടെ കാലാവധി അഞ്ചു വർഷമായി നീട്ടിയതിനെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ. എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജേവാലയാണ് ഹർജി നൽകിയിരിക്കുന്നത്. അന്വേഷണ ഏജൻസികൾക്കുമേൽ ആധിപത്യം ഉറപ്പിച്ച് ഇത്തരം നീക്കം നടത്തുന്നത് അധാർമികവും ഏജൻസികളുടെ സ്വതന്ത്ര പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ ഏജൻസി മേധാവികളുടെ കാലാവധി സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് സർക്കാരിന്റെ നടപടി. അന്വേഷണ ഏജൻസികൾക്കുമേലുള്ള രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കാൻ നടപടിയെടുക്കണം. അന്വേഷണ ഏജൻസി തലവന്മാരുടെ കാലാവധി അനിയന്ത്രിതമായി നീട്ടിക്കൊണ്ടുള്ള സർക്കാർ ഓർഡിനൻസുകൾ അടിയന്തരമായി കോടതി റദ്ദാക്കണമെന്നും രണ്‍ദീപ് സുർജേവാലയുടെ ഹർജിയിൽ ആവശ്യപ്പെട്ടു.