18 November, 2021 12:47:55 PM
ഹൈദർപോറ വിവാദ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം
ശ്രീനഗർ: ഹൈദർപോറയിൽ വിവാദ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് തല അന്വേഷണമാണ് പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ജമ്മു കാഷ്മീർ ഡിജിപി ദിൽബാംഗ് സിംഗ് പറഞ്ഞു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയാറാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്താനാകും- അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് ഭീകരനും ഇയാളെ സഹായിച്ച പ്രദേശവാസി മുഹമ്മദ് അമീറിനുമൊപ്പം നാട്ടുകാരനായ അൽതാഫ് ബട്ടും മുദാസിർ ഗുല്ലുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെ ട്ടത്. ഭീകരബന്ധമില്ലാത്തതിനാൽ ബട്ടിന്റെയും ഗുല്ലിന്റെയും മൃതദേഹങ്ങൾ വിട്ടുകിട്ടണമെന്നു കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, കൊല്ലപ്പെട്ട നാലുപേരുടെയും സംസ്കാരം കുപ്വാര ജില്ലയിലെ ഹന്ദ്വാര മേഖലയിൽ നടത്തിയെന്നു പോലീസ് വിശദീകരിക്കുന്നു.
ഭീകരരുമായി അൽതാഫ് ബട്ടിനു ബന്ധമുണ്ടെന്ന പോലീസ് ഭാഷ്യം തെറ്റാണെന്നു സഹോദരൻ അബ്ദുൾ മജീദ് വാദിക്കുന്നു. 30 വർഷമായി ഹൈദർപോറ ബൈപാസിൽ വ്യാപാരിയാണ് അൽതാഫ്. ഇതിനായി വാടകയ്ക്കെടുത്ത കെട്ടിടത്തിലെ നിർമാണജോലികൾക്കു പോലീസ് അനുമതി നൽകിയിരുന്നു. നിരപരാ ധിയായ അബ്ദുൾ മജീദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആളുകളെ മനുഷ്യകവചമായി പോലീസ് ഉപയോഗിക്കുകയാണെന്നു പ്രതിഷേധത്തിൽ പങ്കെടുത്ത അവാമി ഇത്തിഹാദ് പാർട്ടി നേതാവ് ഷീബാൻ അസ്ഹായ് കുറ്റപ്പെടുത്തി. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 ഓഗസ്റ്റ് അഞ്ചിനുശേഷം പോലീസ് പുതിയ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഏതൊരാളെയും വീട്ടിൽ നിന്നുഅറസ്റ്റ്ചെയ്ത ജയിലിൽ അടയ്ക്കാമെന്ന അവസ്ഥയാണ്. അല്ലെങ്കിൽ അയാളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തും. കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ തിരികെക്കിട്ടുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.