16 November, 2021 04:15:50 PM
ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന; അടിച്ച് തകർത്ത് കോൺഗ്രസ്
അഹമ്മദാബാദ്: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്‍റെ 72ാം വാർഷികമായിരുന്ന തിങ്കളാഴ്ച ഗുജറാത്തിലെ ജാംനഗറിൽ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേനയുടെ ആദരം. 1949 നവംബർ 15നാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്. എന്നാൽ ഇപ്പോഴും ഗോഡ്സെ ആരാധന പരസ്യമായും രഹസ്യമായും തുടരുന്നുണ്ട്. വിവരം അറിഞ്ഞെത്തിയ കോൺഗ്രസ് നേതാക്കൾ പാറക്കല്ല് കൊണ്ട് പ്രതിമയുടെ മുഖം ഇടിച്ച് തകർത്ത് താഴെയിട്ടു.
കോൺഗ്രസ് പ്രസിഡന്‍റ് ദിഗുഭ ജഡേജയുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകർത്തത്. കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവർത്തകർ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്. 'നാഥുറാം അമർ രഹേ' എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാൻ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. മറ്റ് ഇടങ്ങളിൽ പ്രതിമ സ്ഥാപിക്കാൻ അനുവാദം ചോദിച്ചെങ്കിലും അധികൃതർ അനുമതി നൽകിയിരുന്നില്ല. പ്രതിമ സ്ഥാപിച്ച വിവരം അറിഞ്ഞ കോൺഗ്രസുകാർ പാഞ്ഞെത്തി പ്രതിമ തല്ലിത്തകർത്തു. പ്രതിമ നീക്കം ചെയ്തു.
മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽനിന്ന് കൊണ്ടുവന്ന മണ്ണുകൊണ്ട് ഗോഡ്സെയുടെ പ്രതിമ നിർമിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. ഗോഡ്സെയുടെ ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ''ഗോഡ്സെയും നാരായൺ ആപ്തേയും വധിക്കപ്പെട്ട അംബാലയിലെ ജയിലിൽ നിന്ന് കഴിഞ്ഞ ആഴ്ച മഹാസഭാ പ്രവർത്തകർ മണ്ണ് കൊണ്ടുവന്നിരുന്നു. ഈ മണ്ണ് ഉപയോഗിച്ച് ഗോഡ്സെയുടെയും ആപ്തേയുടെയും പ്രതിമകൾ നിർമിക്കുകയും അവ ഗ്വാളിയറിലെ മഹാസഭാ ഓഫീസിന് മുന്നിൽ സ്ഥാപിക്കുകയും ചെയ്യും.''- ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജയ് വീർ ഭരദ്വാജ് പറഞ്ഞിരുന്നു.