12 November, 2021 07:32:36 AM
പാറക്കെട്ടുകൾ ഇടിഞ്ഞുവീണു; കണ്ണൂർ - യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി
സേലം: കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി. രണ്ട് ബോഗികളാണ് പാളം തെറ്റിയത്. തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കനത്ത മഴയെ തുടർന്ന് ട്രെയിനിന് മുകളിലേക്ക് പാറക്കെട്ടുകൾ ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30 ഓടെ ബംഗളൂരുവിൽ എത്തേണ്ട ട്രെയിൻ ധർമ്മപുരി ജില്ലയിൽ വെച്ചായിരുന്നു പാളം തെറ്റിയത്. എഞ്ചിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ലാത്തതിനാൽ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നുവെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. ഇപ്പോൾ ബംഗളൂരു ഡിആർഎമ്മും സേലം ഡിആർഎമ്മും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.