10 November, 2021 08:25:19 PM
'ഞാൻ കൊല്ലപ്പെട്ടിട്ടില്ല, വന്നത് വ്യാജ വാർത്ത'; നേരിട്ട് പ്രത്യക്ഷപ്പെട്ട് നിഷ ദാഹിയ
സോനിപത്ത്: താനും സഹോദരനും വെടിയേറ്റ് മരിച്ചെന്ന വാർത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദാഹിയ രംഗത്തെത്തി. താൻ സുരക്ഷിതയാണെന്നും പുറത്തു വരുന്ന വാർത്തകൾ തെറ്റാണെന്നും ദേശീയ ഗുസ്തി ഫെഡറേഷൻ പുറത്തുവിട്ട വീഡിയോയിൽ താരം വ്യക്തമാക്കി.
ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. .'ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു'-നിഷ ദാഹിയ പറഞ്ഞു.
ഹരിയാനയിലെ സോനിപത്തിലെ സുശീൽ കുമാർ അക്കാഡമിയിൽ വച്ചുണ്ടായ വെടിവയ്പിൽ നിഷയും സഹോദരനും കൊലപ്പെട്ടന്നാണ് റിപ്പോർട്ടുകൾ വന്നത്. താരത്തിന്റെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും നാട്ടുകാര്‍ സുശീല്‍കുമാര്‍ അക്കാദമി കത്തിച്ചുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. വെള്ളിയാഴ്ച സെർബിയയില്‍ നടന്ന ബെൽഗ്രേഡിൽ നടന്ന അണ്ടർ 23 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തില്‍ നിഷ ദാഹിയ വെങ്കലം നേടിയിരുന്നു.