08 November, 2021 09:01:46 AM
കനത്ത മഴ: തമിഴ്‌നാട്ടില്‍ നാല് മരണം; സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ 4 പേര്‍ തമിഴ്‌നാട്ടില്‍ മരിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എം.കെ സ്റ്റാലിനെ വിളിക്കുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായാണ് തമിഴ്‌നാട്ടില്‍ മഴ ശക്തമാവുന്നത്. തമിഴ്‌നാട്ടിലെ വടക്കന്‍ തീരപ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മഴ തുടരും.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിക്കുകയോ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ വേണം എന്ന് സ്റ്റാലിന്‍ നിര്‍ദേശിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെമ്പാരമ്പാക്കം, പുഴല്‍, പൂണ്ടി ഡാമുകളാണ് ഞായറാഴ്ച തുറന്നത്. 12 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. ദേശിയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെ ചെന്നൈയില്‍ നിയോഗിച്ചിട്ടുണ്ട്.