28 October, 2021 07:59:19 PM
പരീക്ഷാ കേന്ദ്രത്തിനു മുന്നിൽ സ്ത്രീകളുടെ 'കൈവെട്ടൽ'; കേസെടുത്ത് വനിതാ കമ്മീഷൻ
ന്യൂഡൽഹി: രാജസ്ഥാനിലെ ബിക്കാനറിൽ പരീക്ഷാ കേന്ദ്രത്തിനു പുറത്ത് ഉദ്യോഗാർഥികളുടെ വസ്ത്രത്തിന്റെ ഇറക്കംകൂടിയ കൈകൾ മുറിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. തികച്ചും അപമാനകരമെന്ന് പ്രതികരിച്ച കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നടപടി ആവശ്യപ്പെട്ടു.
സ്ത്രീകളെ ഇത്തരത്തിൽ അപമാനിക്കുന്നത് തികച്ചും ലജ്ജാകരമെന്ന് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിലായിരുന്നു സ്ത്രീകളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചമാറ്റിയത്. പുരുഷ ഗാർഡുകൾ സ്ത്രീകളെ പരിശോധിക്കുകയും വ്സ്ത്രത്തിന്റെ കൈകൾ മുറിച്ചുമാറ്റുകയും ചെയ്തതായ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ.
വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്തസോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം ലംഘിച്ച നടപടിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെയർപേഴ്സൺ രേഖ ശർമ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
വനിതാ ഉദ്യോഗാർത്ഥികളെ പരിശോധിക്കാൻ വനിതാ ഗാർഡിനെ നിയോഗിക്കാത്തത് എന്തുകൊണ്ടാണെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി എത്രയും വേഗം അറിയിക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.