27 October, 2021 12:50:52 PM
പെഗാസസ് ഫോൺ ചോർത്തൽ: കേന്ദ്രത്തിന് തിരിച്ചടി; അന്വേഷണത്തിന് വിദഗ്ധസമിതി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്‍റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. അലോക് ജോഷി സമിതി അംഗമാകും. സൈബര്‍ സെക്യൂരിറ്റി, ഫോറന്‍സിക് രംഗത്തെ വിദഗ്ധരും സമിതിയില്‍ അംഗങ്ങളാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ശ്രമിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും സ്വകാര്യത പരമപ്രധാനമാണ്. നിയന്ത്രണങ്ങള്‍ ഭരണഘടനാ പരിധിയില്‍ നിന്നുകൊണ്ടാകണം. ദേശ സുരക്ഷ പറഞ്ഞ് കേന്ദ്രസര്‍ക്കാരിന് എല്ലാത്തിലും നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി പറഞ്ഞു.
ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം വിവരങ്ങള്‍ ചോര്‍ത്തിയതാണ് സംഭവം. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, പെഗാസസ് ചോര്‍ത്തലിന് ഇരയായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, അഡ്വ. എം.എല്‍. ശര്‍മ തുടങ്ങിയവരാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തിനായി വിദഗ്ധസമിതിയെ വെക്കുമെന്ന് സുപ്രീം കോടതി നേരത്തേ സൂചന നല്‍കിയിരുന്നു.
രാഷ്ട്രീയമാധ്യമസാമൂഹിക പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായാണ് കഴിഞ്ഞമാസം 23ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പൊതുചര്‍ച്ചയ്ക്കു വെക്കാവുന്ന വിഷയമല്ലെന്നാണ് കേന്ദ്ര നിലപാട്.