19 October, 2021 12:17:32 PM
മോദി ഒരിക്കലും സ്കൂളിൽ പഠിച്ചിട്ടില്ല, നിരക്ഷനാണ്; വിവാദ ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ചും ട്വീറ്റ് പിൻവലിച്ചും കർണാടകയിലെ കോൺഗ്രസ് നേതൃത്വം. മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നടപടിയാണ് വിവാദമായത്.
കോൺഗ്രസ് സ്കൂളുകൾ പണിതു, എന്നാൽ മോദി ഒരിക്കലും സ്കൂളില്‍ പഠിക്കാൻ പോയില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. മോദി അതും പഠിച്ചില്ല. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നുവെന്നാണ് കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നത്.
മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ 'അങ്കൂതാ ഛാപ്' എന്ന പ്രയോഗം ഉപയോഗിച്ചായിരുന്നു ട്വീറ്റ്. അതേസമയം, ഇതിനെതിരേ നിരവധി വിമർശനങ്ങൾ ഉണ്ടായതോടെ കർണാടകയിലെ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഖേദം പ്രകടിപ്പിച്ചു. മോദിക്കെതിരെയുള്ള ട്വീറ്റ് നീക്കം ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.