12 October, 2021 10:09:10 PM
ഡൽഹിയിൽ പിടിയിലായ പാക് ഭീകരൻ ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞത് 13 വർഷം
ന്യൂഡൽഹി: തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് അറസ്റ്റിലായ പാക് ഭീകരൻ മുഹമ്മദ് അഷ്റഫ്(40) വ്യാജ രേഖകൾ ഉപയോഗിച്ച് 13 വർഷമായി ഇന്ത്യയിൽ താമസിക്കുകയായിരുന്നെന്ന് പോലീസ്. ഐഎസ് സ്ലീപ്പർ സെല്ലിന്റെ സഹായത്തോടെ അലി അഹമ്മദ് എന്ന വ്യാജ പേരിലാണ് ഇയാൾ ഇവിടെ താമസിച്ചതെന്നും ഡല്‍ഹി സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് പ്രമോദ് കുശ്വാഹ പറഞ്ഞു.
ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ നിന്നാണ് പാക് പഞ്ചാബ് സ്വദേശിയായ അഷ്റഫിനെ ഡൽഹി പോലീസ് പിടികൂടിയത്. പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരം ബംഗ്ലാദേശിലൂടെയാണ് ഇന്ത്യയിലേക്ക് എത്തിയത്. ഇയാളെ പിടിയതിലൂടെ പൂജ-നവരാത്രി ആഘോഷകാലത്ത് നടത്താനിരുന്ന വലിയ ഭീകരാക്രമണ പദ്ധതി തകര്‍ത്തെന്നും പോലീസ് അവകാശപ്പെട്ടു.
കാഷ്മീരിലെ ഭീകരാക്രമണങ്ങളിൽ അടക്കം അഷ്ഫിന് പങ്കുള്ളതായാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്ന് എകെ 47 തോക്കും 60 തിരകളും രണ്ട് പിസ്റ്റളുകളും അതിന്റെ 50 തിരകളും ഒരു ഗ്രനേഡും കണ്ടെടുത്തു. യമുനാനദിയുടെ തീരത്ത് ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ആയുധങ്ങൾ.
ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം ഉണ്ടായിരുന്ന അഷ്റഫ് തായ്ലന്‍ഡിലേക്കും സൗദി അറേബ്യയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് തിരിച്ചറിയില്‍ രേഖകള്‍ ലഭിക്കുന്നതിനായി ഇയാള്‍ ഗാസിയബാദ് സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു എന്നും പോലീസ് പറഞ്ഞു. ബിഹാറില്‍ നിന്നാണ് ഇയാള്‍ കൂടുതല്‍ തിരിച്ചറിയല്‍ രേഖകള്‍ കരസ്ഥമാക്കിയതെന്നും കുശ്വാഹ വ്യക്തമാക്കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പങ്കജ് ശര്‍മ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.