12 October, 2021 12:09:27 PM


ഹോട്ടൽ മുറിയിൽ വിവാഹം; യുവദമ്പതികൾക്ക് 25000 രൂപ പിഴ വിധിച്ച് ഹൈക്കോടതി



ചണ്ഡീഗഡ്: പഞ്ചാബ് - ഹരിയാന ഹൈക്കോടതി അടുത്തിടെ യുവ ദമ്പതികളിൽ നിന്ന് 25000 രൂപ പിഴ ഈടാക്കി. തങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹ‍ർജിയിലാണ് കോടതിയുടെ വിധി. ദമ്പതികളുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജി കേൾക്കവെ ഇവർ ഹോട്ടൽ മുറിയിൽ വച്ച് മാലകൾ കൈമാറിയെന്നും ഹോട്ടൽ മുറിയിലെ പാത്രത്തിൽ തീ കത്തിച്ച് "സപ്തപദി" (വിവാഹ ചടങ്ങ്) നടത്തിയെന്നും അവകാശപ്പെട്ടു.

20 വയസ്സുള്ള പെൺകുട്ടിയും 19 വയസ്സും 5 മാസവും പ്രായമുള്ള ആൺകുട്ടിയുമാണ് കോടതിയെ സമീപിച്ച പരാതിക്കാ‍ർ. തങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവ‍ർ കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയാണ് പരാതി. അവരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായാണ് ഇവ‍ർ വിവാഹം കഴിച്ചത്. എന്നാൽ ഇത് 'സാധുവായ വിവാഹം' അല്ലെന്നും ഹർജിക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഗുർവീന്ദർ സിംഗ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, വിഷയം അന്വേഷിക്കാനും ഇരുവരുടെയും സംരക്ഷണം ഉറപ്പാക്കാനും പഞ്ച്കുലയിലെ പോലീസ് കമ്മീഷണർക്ക് നി‍ർദ്ദേശം നൽകി. 


തങ്ങളുടെ വീടുകളിൽ നിന്ന് ഒളിച്ചോടിയ ശേഷം 2021 സെപ്റ്റംബർ 26ന് വിവാഹം കഴിച്ചുവെന്നാണ് ദമ്പതികൾ അവകാശപ്പെടുന്നത്. എന്നാൽ വിവാഹ സ‍ർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയിട്ടില്ല. വിവാഹത്തിന്റെ ഫോട്ടോകളും ഇവ‍ർ കോടതിയിൽ തെളിവായി നൽകിയിട്ടില്ല. ഇത് കണക്കിലെടുത്ത്, വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ കോടതി ദമ്പതികൾക്ക് അവസരം നൽകി. തുട‌ർന്ന് അവർ ഒരു ഹോട്ടലിൽ താമസിച്ചുവെന്നും അവിടെ വച്ച് സിന്ദൂരം വാങ്ങി പെൺകുട്ടിയുടെ നെറ്റിയിൽ അണിയിച്ചുവെന്നും പരസ്പരം മാലകൾ കൈമാറിയെന്നും ഒരു പാത്രത്തിൽ തീ കത്തിച്ച് "സപ്തപദി" നടത്തിയെന്നുമായിരുന്നു വിശദീകരണം. എന്നാൽ, "സപ്തപദി" നടത്തുമ്പോൾ ആരും പൂജകൾക്കായി ഉണ്ടായിരുന്നില്ലെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു.


തുടക്കത്തിൽ തന്നെ ഹ‍ർജിക്കാരനായ ആൺകുട്ടിയ്ക്ക് വിവാഹം കഴിക്കാൻ പ്രായപൂ‍ർത്തിയായില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഇവർ വിവാഹം കഴിഞ്ഞുവെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. "മേൽപ്പറഞ്ഞ വിശദീകരണം വാസ്തവത്തിൽ ഹർജിക്കാർക്കിടയിൽ സാധുവായ വിവാഹം നടന്നിട്ടില്ല എന്ന വസ്തുത മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുവെന്ന്" കോടതി കൂട്ടിച്ചേർത്തു.


ഇത് കണക്കിലെടുത്ത്, ഹ‍ർജിക്കാ‍ർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കി കോടതി നിയമ സേവന സമിതിയിൽ ഇവരോട് 25,000 രൂപ പിഴ അടയ്ക്കാൻ നി‍ർദ്ദേശം നൽകി. എന്നാൽ, ഹർജിക്കാരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനാൽ, ഹർജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും സുരക്ഷിതമാക്കാനും സംരക്ഷിക്കാനുമുള്ള ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. "ഹർജിക്കാരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് കണ്ടെത്തിയാൽ, ഹർജിക്കാർക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമപ്രകാരം ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന്" കോടതി ഊന്നിപ്പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K