10 October, 2021 09:05:15 PM
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ്: ഒരു നൈജീരിയൻ സ്വദേശി കൂടി പിടിയിൽ
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒരു നൈജീരിയൻ സ്വദേശി കൂടി പിടിയിൽ. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ്. ഗൊരേഗാവിൽ നിന്നാണ് എൻസിബി സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തതായാണ് വിവരം. ഇതോടെ കേസിൽ ആകെ അറസ്റ്റിലാവരുടെ എണ്ണം 20 ആയി ഉയർന്നു.
അതേസമയം, ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച മുംബൈയിലെ പ്രത്യേക കോടതി പരിഗണിക്കും. മുംബൈ തീരത്തു നിന്നുള്ള കോര്‍ഡേലിയ ക്രൂയിസ് കപ്പലില്‍ നിന്ന് നിരോധിത മയക്കു മരുന്നുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ആര്യൻ അറസ്റ്റിലായത്.
കേസില്‍ അറസ്റ്റിലായ ആര്യന്റെയും മറ്റ് ഏഴ് പേരുടെയും എന്‍സിബി കസ്റ്റഡി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ജാമ്യം നിഷേധിച്ച കോടതി ആര്യൻ ഖാനെ 14 ദിവസത്തെ ജുഡീഷല്‍ റിമാന്‍ഡിലാണ് അയച്ചിരിക്കുന്നത്. നിലവിൽ ആര്യൻ ഖാൻ സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്.