10 October, 2021 09:31:07 AM
ലഖിംപുർ കൂട്ടക്കൊല: ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ
ലക്നോ: ലഖിംപുരിൽ കർഷകരെ വാഹനംകയറ്റിക്കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ. ആശിഷ് മിശ്ര പോലീസിനു നൽകിയ മൊഴികൾ കളവാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവ സമയം താൻ ഗുസ്തി മത്സരം നടക്കുന്ന സ്ഥലത്തായിരുന്നെന്നായിരുന്നു ആശിഷിന്റെ മൊഴി. എന്നാൽ മന്ത്രി പുത്രന്റെ മൊബൈൽ ടവർ ലൊക്കേഷൻ ഈ സമയം സംഭവസ്ഥലത്തിനടുത്തായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അപകടം സംഭവിച്ച സ്ഥലത്തിനടുത്തുള്ള തന്റെ അരിമില്ലിൽ ആയിരുന്നെന്നായിരുന്നു പ്രതിയുടെ വിശദീകരണം.
സംഘർഷത്തിനിടെ ഡ്രൈവർ ഹരി ഓം ഉൾപ്പെടെ ആശിഷിന്റെ സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെ കർഷകർ തീവച്ചുകൊന്നുവെന്നാരോപിച്ച് നൽകിയ പരാതിയും കുരുക്കായി. കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയ താർ ഓടിച്ചിരുന്നത് ഹരി ഓമായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
എന്നാൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടെത്തിയത് വെളുത്ത കുർത്ത ധരിച്ചയാളാണ് വാഹനം ഓടിച്ചതെന്നാണ്. ഹരി ഓമിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിക്കുമ്പോൾ അദ്ദേഹം ധരിച്ചിരുന്നത് മഞ്ഞ കുർത്തയായിരുന്നു. ഈ തെളിവുകളെല്ലാം ആശിഷിന് എതിരായി. പോലീസിന്റെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.