10 October, 2021 12:51:42 AM
കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റിയ സംഭവം: മന്ത്രിപുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്രക്ക് പോലീസിന്റെ ഉത്തരവ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ രണ്ടാമതയച്ച നോട്ടീസിനെ തുടർന്നാണ് ആശിഷ് മിശ്ര ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
കർഷകരുടെ ഇടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിന്റെ ഉടമസ്ഥത ഏറ്റെടുത്ത ആശിഷ് സംഭവം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നാണ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ആശിഷിനെതിരെ ചുമത്തിയിട്ടുണ്ട്.
സംഭവ സമയത്ത് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നതിന് തെളിവുകളായി വീഡിയോ ദൃശ്യങ്ങളും സത്യവാങ്മൂലവും ആശിഷ് മിശ്ര ഹാജരാക്കി. ചോദ്യം ചെയ്യലിന്റെ ഭാഗമായി ആശിഷ് മിശ്രയുടെ മൊബൈൽ ഫോണ് പോലീസ് പരിശോധിച്ചു.
സംഭവത്തിൽ സ്വമേധയ കേസെടുത്ത സുപ്രീം കോടതി യുപി പോലീസിനോട് ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ വൈകുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഉന്നതർക്കും സാധാരണക്കാർക്കും നിയമം ഒരുപോലെയാണ്. കേസിൽ ഉന്നതർ ആരൊക്കെയുണ്ടെങ്കിലും നിയമം നടപ്പാക്കാണമെന്നും സുപ്രീം കോടതി താക്കീത് നൽകി.