08 October, 2021 02:40:41 PM
മുംബൈ വിമാനത്താവളത്തിൽ കനത്ത തിക്കും തിരക്കും; പല യാത്രക്കാർക്കും വിമാനം നഷ്ടപ്പെട്ടു
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില് കനത്ത തിരക്ക്. വെള്ളിയാഴ്ച രാവിലെയാണ് തിരക്ക് അനിയന്ത്രിതമായത്. തിരക്കിനെ തുടർന്ന് പല യാത്രക്കാർക്കും വിമാനം നഷ്ടപ്പെട്ടു. ഇതേതുടർന്ന് യാത്രക്കാർ അധികൃതരോട് തട്ടിക്കയറി. നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനായി യാത്രക്കാർ കൂട്ടത്തോടെ വിമാനത്താവളത്തിൽ എത്തിയത്. സമാനമായ തിരക്കുകള് രാജ്യത്തെ മറ്റ് പല വിമാനത്താവളങ്ങളിലും റിപ്പോര്ട്ട് ചെയ്തു.
കോവിഡ് പ്രോട്ടോക്കോൾ പോലും ലംഘിച്ചാണ് ആളുകൾ കൂട്ടംകൂടിയത്. ആളുകള് തിങ്ങിക്കൂടിയതോടെ വിമാനത്താവളത്തിന്റെ പ്രവര്ത്തനം തടസപ്പെട്ടു. അതിനിടെ മെഷീനുകളും തകരാറിലായി. അതേസമയം, സുരക്ഷാ പരിശോധനയ്ക്ക് മതിയായ സമയം ലഭിക്കുന്നതിനായി യാത്രക്കാര് വിമാനത്താവളത്തില് നേരത്തെ റിപ്പോര്ട്ട് ചെയ്യണമെന്ന് ഇന്ഡിഗോ പോലുള്ള ചില എയര്ലൈനുകള് മുന്നറിയിപ്പ് നല്കിയിരുന്നു. ഇത് പാലിക്കാത്തതാണ് തിരക്കുണ്ടാകാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.
കേരളത്തിന് തൊട്ടുപിന്നിലായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളും കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് കടുത്ത കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നുണ്ടെങ്കിലും പലപ്പോഴും ആരും അനുസരിക്കാറില്ല.