08 October, 2021 02:25:10 PM
കാഷ്മീരിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ഐഎസ്ഐ എന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
ശ്രീനഗർ: കാഷ്മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐ എന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഐബി റിപ്പോർട്ട് ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി. ഐഎസ്ഐ പിന്തുണയോടെ പാകിസ്ഥാൻ ഭീകര സംഘടനകള്‍ നാട്ടുകാരായവരെ റിക്രൂട്ട് ചെയ്ത് ആയുധം നല്കി ആക്രമണം നടത്തുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന സുരക്ഷ വിലയിരുത്തല്‍ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി, ബിഎസ്എഫ്, സിആർപിഎഫ് മേധാവികളും പങ്കെടുത്തു. ജമ്മുകാഷ്മീരില്‍ സിക്ക്,ഹിന്ദു വിഭാഗക്കാർക്ക് നേരെ നടക്കുന്ന ആക്രമണം ഭീകര സംഘടനകളുടെ പുതിയ തന്ത്രമായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ച കാഷ്മീരിൽ സ്കൂളിൽ അതിക്രമിച്ചെത്തിയ ഭീകരർ രണ്ട് അധ്യാപകരെ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.