05 October, 2021 03:28:39 PM
കസ്റ്റഡിയിൽ 30 മണിക്കൂർ പിന്നിട്ടശേഷം പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്
ലക്നോ: കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്ക ഉള്പ്പടെ 11 പേര്ക്കെതിരെയാണ് കേസെടുത്തത്. സമാധാന അന്തരീക്ഷം ഭംഗപ്പെടുത്തിയതിന് സിതാപുര് ജില്ലയിലെ ഹര്ഗാവ് പോലീസാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറുകള്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, ലഖിംപുർ ഖേരിലെ അതിക്രമ സംഭവങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനമുന്നയിച്ചു. കർഷകരെ കൂട്ടക്കുരുതി ചെയ്ത മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാത്തത് ദൗർഭാഗ്യകരമെന്നാണ് പ്രിയങ്കയുടെ വിമർശനം.
ഇത്രയും ഭയാനകമായ കുറ്റകൃത്യം ചെയ്ത ഒരു വ്യക്തിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകുക. കർഷകർക്കായി രംഗത്തെത്തിയ ഞങ്ങളെയല്ല അറസ്റ്റ് ചെയ്യേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. ലഖിംപുർ സന്ദർശിക്കാൻ മോദിക്ക് സാധിക്കുമോയെന്നും പ്രിയങ്ക ചോദിച്ചു. കർഷകരുടെ ബന്ധുക്കളെ കാണാതെ പ്രദേശത്ത് നിന്ന് മടങ്ങില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.