03 October, 2021 01:52:46 PM
വ്യവസായ പ്രമുഖന്റെ പെണ്മക്കളും കസ്റ്റഡിയിൽ, കപ്പൽ കൊച്ചിയിലും എത്തി
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്മക്കളും കസ്റ്റഡിയിൽ. ഇവർ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ആര്യന് ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം കപ്പലിൽ എൻസിബി നടത്തിയ പരിശോധനയിൽ കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള നിരോധിത ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്.
ഒരാഴ്ച മുന്‍പ് ഈ ആഡംബര കപ്പല്‍ കൊച്ചിയിലും എത്തിയിരുന്നു. ആര്യൻ ഖാൻ ഉൾപ്പെടെ 13 പേരെ എൻസിബി വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മുംബൈ തീരത്തിന് സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന കപ്പലിലാണ് റേവ് പാര്‍ട്ടി സംഘടിച്ചത്. റേവ് പാര്‍ട്ടിയുടെ സംഘാടകരെയും ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എഫ്ടിവി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ കാഷിഫ് ഖാന്റെ മേല്‍നോട്ടത്തിലാണ് കപ്പലില്‍ റേവ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്.