02 October, 2021 10:01:35 AM
കോൺഗ്രസിലെ പ്രശ്നങ്ങൾക്കിടെ ഛത്തീസ്ഗഡിൽനിന്ന് ആറ് എംഎൽഎമാർ കൂടി ഡൽഹിയിൽ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിൽ രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കെ ആറ് പാർട്ടി എംഎൽഎമാർ കൂടി ഡൽഹിയിൽ. ശിശുപാൽ സോറി, ശാന്ത്രം നേതം, കിസ്മത് ലാൽ, രാം കുമാർ യാദവ്, കവാസി ലഖ്മ, കെ.കെ. ധ്രുവ് എന്നിവരാണ് ഡൽഹിയിലേക്ക് തിരിച്ചത്.
താൻ വ്യക്തിപരമായ കാരണത്താലാണ് ഡൽഹിയിലേക്ക് പോകുന്നതെന്ന് ശാന്ത്രം നേതം പറഞ്ഞു. വിമാനത്താവളത്തിൽ മറ്റ് എംഎൽഎമാരുടെ സാന്നിധ്യം യാദൃശ്ചികമാണ്. ഡൽഹിയിൽ എത്തുന്പോൾ മുതിർന്ന നേതാക്കളെ കാണുന്നത് പതിവാണെന്നും നേതം കൂട്ടിച്ചേർത്തു. ഡൽഹിയിൽ പഠിക്കുന്ന തന്റെ മകളെ കാണാൻ പോവുകയാണെന്ന് മറ്റൊരു എംഎൽഎ കിസ്മത് ലാൽ പറഞ്ഞു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും നേതൃത്വത്തിൽ ഒരു മാറ്റവും ഉണ്ടാകരുതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലാൽ പറഞ്ഞു.
ബുധനാഴ്ച 15 എംഎല്‍എമാര്‍ ഹൈക്കാമാന്‍ഡിനെ കാണാനായി ഡല്‍ഹിയിലെത്തിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഭൂപേഷ് ബാഗേലിന്റെ വിശ്വസ്തനായ ബ്രിഹസ്പത് സിംഗിന്റെ നേതൃത്വത്തിലാണ് സംഘം ഡല്‍ഹിയിലെത്തിയത്. ആരോഗ്യമന്ത്രി ടി.എസ്.ഡിയോയുമായുള്ള തര്‍ക്കത്തോടെയാണ് ഛത്തീസ്ഗഡ് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.