27 September, 2021 09:15:39 AM
ഭാരത് ബന്ദ്; ദേശീയപാതകളും റെയിൽ പാളങ്ങളും ഉപരോധിച്ച് കർഷകർ
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഭാരത ബന്ദ് തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താൽ. ഡൽഹിയിൽ കർഷകർ ദേശീയപാതകളും റെയിൽ പാളങ്ങളും ഉപരോധിക്കുകയാണ്.
അതിർത്തികളിൽ സമരം നടക്കുന്ന മൂന്നു സ്ഥലങ്ങളിലും വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പോലീസ് കർശന ജാഗ്രതയിലാണ്. പ്രതിഷേധക്കാരിൽ ഒരാളേപ്പോലും ഡൽഹി നഗരത്തിലേക്കു കടക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിൽ ആരും ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. എന്നാലും തലസ്ഥാനത്ത് കൂടുതൽ സുരക്ഷ സജ്ജീകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ദുമായി സഹകരിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരുന്നു. കർഷകർ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ശക്തമായ പിന്തുണയാണുള്ളത്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവീസുകൾ പോലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. വൈകുന്നേരം ആറിന് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവീസുകൾ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.