26 September, 2021 03:59:38 PM
ജുഡീഷറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: ജുഡീഷറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ. രാജ്യത്തെ നിയമ കോളജുകളിലും സമാനമായ സംവരണം വേണമെന്ന ആവശ്യത്തെ ചീഫ് ജസ്റ്റീസ് പിന്തുണയ്ക്കുകയും ചെയ്തു. സുപ്രീംകോടതിയിലെ വനിത അഭിഭാഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ്.
ജുഡീഷറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണ്. ആയിരക്കണക്കിന് വർഷത്തെ അടിച്ചമർത്തലിന്റെ പ്രശ്നമാണിത്. ജുഡീഷറിയുടെ താഴെ തലങ്ങളിൽ 30 ശതമാനം സ്ത്രീകൾ മാത്രമാണ് ജഡ്ജിമാരായി ഉള്ളത്. ഹൈക്കോടതിയിൽ ഇത് 11.5 ശതമാനമാണ്. സുപ്രീംകോടതിയിൽ 11-12 ശതമാനമാണ് സ്ത്രീകളെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
രാജ്യത്തെ 1.7 ദശലക്ഷം അഭിഭാഷകരിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. സംസ്ഥനങ്ങളിലെ ബാർ കൗണ്സിലുകളിലേക്ക് രണ്ട് ശതമാനം സ്ത്രീകൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ നാഷണൽ കമ്മിറ്റിയ്ക്ക് ഒരു വനിത പ്രതിനിധി പോലും ഇല്ലാത്തതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ഈ പ്രശ്നങ്ങൾ എല്ലാം അടിയന്തരമായി തിരുത്തേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു.