23 September, 2021 12:57:47 AM
ഡല്‍ഹിയിലും നോയിഡയിലും വൻ മയക്കുമരുന്ന് വേട്ട; 37 കിലോ ഹെറോയിന്‍ പിടികൂടി
ന്യൂഡൽഹി: ഡൽഹിയിലും നോയിഡയിലും വൻ ലഹരിമരുന്ന് വേട്ട. 37 കിലോയുടെ ഹെറോയിനാണ് ഇരുസ്ഥലങ്ങളിൽനിന്നുമായി പിടികൂടിയത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ടയുടെ തുടര്‍ച്ചയായി നടന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്ഥാൻ പൗരനെയും നാല് അഫ്ഗാൻ പൗരന്മാരെയും ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു.
മുന്ദ്ര തുറമുഖത്ത് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നെത്തിച്ച രണ്ടു കണ്ടെയ്നറുകളിലായി 2,988.21 കിലോഗ്രാം ഹെറോയിനാണ് ഡിആർഐ ഉദ്യോഗസ്ഥർ അടുത്തിടെ പിടിച്ചെടുത്തിരുന്നത്. കഴിഞ്ഞയാഴ്ചയാണു കണ്ടെയ്നറുകൾ ഡിആർഐ പിടിച്ചെടുത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കണ്ടെയ്നറിലുണ്ടായിരുന്നതു ഹെറോയിനാണെന്നു തെളിഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ഒരു കിലോ ഹെറോയിന്‍ രാജ്യാന്തരമാർക്കറ്റിൽ അഞ്ചു കോടി രൂപ വില വരും. അഫ്ഗാനിസ്ഥാനിൽനിന്ന്, ഭാഗികമായി സംസ്കരിച്ച ടാൽക് സ്റ്റോണുകളെന്ന വ്യാജേനയാണ് ഇവ ചെന്നൈയിലെ ഒരു കന്പനിയുടെ പേരിൽ തുറമുഖത്തെത്തിച്ചത്. അഫ്ഗാൻ പൗരന്മാരാണു ലഹരിമരുന്ന് ഇടപാടുകൾക്കു പിന്നിലെന്നും ഇറാൻ വഴിയാണ് ഇതു കടത്താൻ ശ്രമിച്ചതെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനും താലിബാനും ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണു ലഹരിമരുന്ന് അയച്ചതെന്നാണു നിഗമനം.