20 September, 2021 02:15:48 PM
ചരണ്‍ജിത് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു; അമരീന്ദർ സിംഗ് വിട്ടുനിന്നു
ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് ചന്നി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായ ചന്നിയെ ഞായറാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗമാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബിന്റെ 16-ാം മുഖ്യമന്ത്രിയാണ് ചന്നി. ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷം മാറ്റമുണ്ടായി.
ഉപമുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന ബ്രം മൊഹീന്ദ്രയെ അവസാന നിമിഷം ഒഴിവാക്കി. പകരം ഓംപ്രകാശ് സോണി സ്ഥാനമേറ്റു. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ ഇടപെടലിലൂടെയാണ് മൊഹീന്ദ്രയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടതെന്നാണ് വിവരം. മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അമരീന്ദർ സിംഗിന്റെ എതിർ ഗ്രൂപ്പിലെ സുഖ്ജിന്ദർ സിംഗ് രണ്‍ധാവ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. അമരീന്ദർ മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്നു ചന്നി. ഞായറാഴ്ച വൈകിട്ട് തന്നെ ഗവർണറെ കണ്ട് ചിന്നി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.