18 September, 2021 06:50:35 PM
ക്യാപ്റ്റന്‍ ഭരണം അവസാനിച്ചു: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചു
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്കി. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് രാജി. അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബിലെ ഈ സുപ്രധാന മാറ്റം.
അമരീന്ദര്‍ സിംഗിന്റെയും നവജ്യോത് സിംഗ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ രാജി. എംഎല്‍എമാരുടെ ആവശ്യപ്രകാരം, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചിനാണ് നിയമസഭാ കക്ഷി യോഗം. 117 അംഗ പഞ്ചാബ് നിയമസഭയില്‍ നാല്‍പ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമരീന്ദറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രാജിക്കാര്യം പാർട്ടി അമരീന്ദറിനോട് ആവശ്യപ്പെടുകയായിരുന്നു. രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ച അമരീന്ദർ അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിച്ചു. ഇത് മൂന്നാം തവണയാണ് താൻ അവഹേളിക്കപ്പെടുന്നതെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് പറഞ്ഞു.