18 September, 2021 06:38:29 PM


ശൈശവ വിവാഹ രജിസ്ടേഷന്‍: ബില്‍ പാസാക്കി രാജസ്ഥാന്‍; പ്രതിഷേധവുമായി പ്രതിപക്ഷം



ജയ്പൂര്‍: പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടയില്‍ വിവാഹ നിയമ ഭേദഗതി ബില്‍ 2021 പാസാക്കി രാജാസ്ഥാന്‍ നിയമസഭ. വിവാഹം സാധുവായതോ നിയമവിരുദ്ധമോ ആണെങ്കിലും ഓരോ വിവാഹത്തിന്റെയും രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് നിര്‍ബന്ധമാണ്.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, പ്രതിപക്ഷത്തിനൊപ്പം, സ്വതന്ത്ര എംഎല്‍എ സന്യം ലോധയും ഇതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ബില്‍ പൊതുജനാഭിപ്രായം അറിയാന്‍ പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ട്, ബില്‍ ശബ്ദവോട്ടോടെ സഭയില്‍ പാസാക്കി. ഇതിനെതിരെ പ്രതിപക്ഷം എതിര്‍ക്കുകയും വോട്ട് വിഭജിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അതും നിരസിക്കപ്പെട്ടു. ഒടുവില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സര്‍ക്കാര്‍ ശൈശവ വിവാഹം അനുവദിക്കുന്നതായി തോന്നുന്നെന്നും ഈ ബില്‍ പാസാക്കിയാല്‍, നിയമസഭയില്‍ ഇത് ഒരു കറുത്ത ദിനമായി മാറുമെന്നും ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ സംസാരിച്ച അശോക് ലഹോട്ടി എംഎല്‍എ പറഞ്ഞു. സഭ അത് ഏകകണ്ഠമായി തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിയമം തികച്ചും തെറ്റാണെന്നും നിര്‍മ്മാതാക്കള്‍ ഇത് ശരിയായി കണ്ടില്ലെന്ന് തോന്നുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ് കതാരിയ പറഞ്ഞത്. അതേസമയം, ഈ നിയമത്തില്‍ പൗരന്മാരെ വിശ്വാസത്തിലെടുക്കണമെന്ന് സ്വതന്ത്ര എംഎല്‍എ സന്യം ലോധയും പറഞ്ഞു.

നമ്മള്‍ ശൈശവ വിവാഹത്തെ ന്യായീകരിക്കുകയാണെങ്കില്‍, ഒരു തെറ്റായ മാതൃക രാജ്യത്തിന് മുന്നില്‍ സ്ഥാപിക്കപ്പെടും. സഭയുടെ പുരോഗമനപരമായ പ്രതിച്ഛായ നിലനിര്‍ത്തുന്നതിനായി അത്തരമൊരു നിയമം പാസാക്കാന്‍ അനുവദിക്കരുത്. മന്ത്രി ധരിവാളിന്റെ ഈ മറുപടിയെ എംഎല്‍എ സന്യം ലോധ എതിര്‍ക്കുകയും നിങ്ങള്‍ വാദിക്കുകയാണെന്ന് പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ലോധയും ധരിവാളും തമ്മില്‍ നേരിയ തോതില്‍ വാക്കേറ്റമുണ്ടായി.

പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസറെയും ബ്ലോക്ക് രജിസ്‌ട്രേഷന്‍ ഓഫിസറെയും നിയമിക്കും. നേരത്തെ വിവാഹ രജിസ്ട്രേഷന് ഡിഎംആര്‍ഒക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 ല്‍ കുറവുമാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K