18 September, 2021 11:04:48 AM
ഒരു വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ; രണ്ടര വയസ്സുള്ള കുഞ്ഞ് അബോധാവസ്ഥയിൽ
ബെംഗളുരു: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. ബെംഗളുരുവിൽ വെള്ളിയാഴ്ച്ച രാത്രിയാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കരികിൽ അബോധാവസ്ഥയിൽ രണ്ടര വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു. നാല് ദിവസമായി ഭക്ഷണം ലഭിക്കാത്ത നിലയിലായിരുന്നു കുട്ടി എന്നാണ് റിപ്പോർട്ടുകൾ. ബെംഗളുരുവിലെ ദിഗളരപല്യയിലുള്ള ചേതൻ സർക്കിളിലുള്ള വീട്ടിലാണ് കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞ്. മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ വ്യത്യസ്ത മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കാണപ്പെട്ടത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. വീടിന്റെ ജനലും വാതിലുമെല്ലാം അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച വീടിന്റെ ഉടമ തിരിച്ചെത്തിയപ്പോഴാണ് മരണ വാർത്ത പുറംലോകം അറിയുന്നത്. ബെംഗളുരുവിലെ പ്രദേശിക പത്രത്തിലെ റിപ്പോർട്ടറാണ് വീടിന്റെ ഉടമ. ഏതാനും ദിവസങ്ങളായി ഇദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ ആരും ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.