15 September, 2021 04:57:26 PM
ടെലികോം മേഖലയ്ക്ക് ആശ്വാസം; കുടിശികയ്ക്ക് നാലു വർഷത്തെ മൊറട്ടോറിയം
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ടെലികോം കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട ദീര്‍ഘനാളയുള്ള കുടിശികയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് അടക്കമാണ് ആശ്വാസ പാക്കേജ്. യൂസേജ്, ലൈസന്‍സ് ഫീസ് അടക്കമുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തില്‍ നല്‍കേണ്ട കുടിശികയ്ക്ക് നാലു വര്‍ഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചത്. അടുത്തവര്‍ഷം ഏപ്രിലില്‍ അടയ്‌ക്കേണ്ട സെപക്ട്രം ഇന്‍സ്റ്റാള്‍മെന്‍റിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാനും കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു.
വൊഡഫോണ്‍- ഐഡിഎ, എയര്‍ടെല്‍ എന്നി കമ്പനികള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക. വൊഡഫോണ്‍- ഐഡിയ കമ്പനിയാണ് ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത്. വാഹനനിര്‍മാണ മേഖലയില്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹന പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് 26,000 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പുതിയ പദ്ധതി വഴി 7.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.